Thursday 15 December 2011

ആറാം വിരല്‍





ചാറ്റ മഴയത്തും വിയര്‍ത്ത് ഒലിച്ചു നിന്ന് തെങ്ങിന്‍ ചുവടു കിളക്കുന്ന തന്റെ കടിനാദ്വാനി ആയ ഭര്‍ത്താവിനെ നോക്കി അന്നമ്മ വിളിച്ചു , '' ദേ മനുഷ്യാ വന്നു വല്ലതും കഴിക്ക് .. ചൂട് കാപ്പിയും കപ്പയും മീന്‍ പീരയും വിളമ്പി വെച്ചിരിക്കുന്നത് ഇരുന്നു ആറും. ആഞ്ഞു കിളക്കുന്നതിനിടയിലും സ്നേഹ സ്വരൂപിണിയായ സഹധര്‍മിണി വിളിക്കുന്നത്‌ കൃഷിക്കാരന്‍ ആയ ചാക്കോച്ചന്‍ കേട്ടില്ലെങ്കിലും താഴെപ്പാട്ടെ ഖാദറിന്റെ ബീവി ഐഷുമ്മ അപ്പുറത്തെ വാഴ ചുവട്ടില്‍ നിന്നും വാഴയില വെട്ടുന്നത് ചാക്കോച്ചന്‍ ശ്രദ്ധിച്ചു . മഴ നനയുന്ന തന്റെ ഗര്‍ഭിണിയായ ഭാര്യയെ ഖാദര്‍ സ്നേഹത്തോടെ ശാസിക്കുന്നതും ചാക്കോച്ചന്‍ കേട്ടു. ഖാദറിന്റെ ശബ്ദം കേട്ടപ്പോള്‍ ചാക്കോച്ചന്‍ ഒന്ന് ഞെട്ടി . തിരിഞ്ഞു നോക്കിയ ചാക്കോച്ചന്റെ മുന്‍പില്‍ ദേഷ്യത്തോടെ അന്നമ്മ നില്‍ക്കുന്നു . ദേഷ്യം കൊണ്ട് ചുവന്ന അന്നമ്മയുടെ മുഖം കണ്ടു ചാക്കോച്ചന്‍ ഒന്ന് വിളറി . ''മഴ നനഞ്ഞു വല്ല പനിയും ഇനി പിടിപ്പിക്കണം , വല്ലതും വന്നു കഴിക്കുന്നുണ്ടോ ? എന്നിട്ട് വേണം ഉച്ചക്കതെക് വല്ലതും പെരുമാറാന്‍ ''. കയ്യും കാലും കഴുകി വന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ തന്റെ ഇടം കൈ കൊണ്ട് ചാക്കോച്ചന്‍ ഇടതു കാലിലെ ആറാം വിരലില്‍ ഒന്ന് തലോടി . അതാണ് ശീലം. പലരും തന്റെ ആറാം വിരല്‍ നോക്കി കളിയാക്കാരുന്ടെങ്കിലും ചാക്കോച്ചനു തന്റെ ആറാം വിരല്‍ അന്നമ്മയെക്കാളും ഇഷ്ടമാണ്. അന്നമ്മക്കു പോലും ഇഷ്ടമില്ലാത്ത തന്റെ ആറാം വിരലില്‍ ഒരിക്കല്‍ മുള്ള്   കൊണ്ടപ്പോള്‍  ഐഷുമ്മ സ്നേഹത്തോടെ മുള്ള് എടുത്തതും   നീര് വെച്ച  തന്റെ കാലില്‍  കുഴമ്പു  പുരട്ടി  തിരുമ്മി തന്നതും ചാക്കോച്ചന്‍ ഓര്‍ത്തു . മറ്റെല്ലാരും പരിഹസിക്കുന്ന  തന്റെ കാലിലെ ആറാം വിരലാണ് ചാക്കോച്ചന്റെ എല്ലാ കാര്‍ഷിക അഭിവൃദ്ധിക്കും കാരണമെന്ന് ഐശുമ്മയാണ് ചാക്കോച്ച നോട് ആദ്യമായ് പറഞ്ഞത് . തന്റെ ആറാം വിരലിനെ സ്നേഹിക്കുന്ന ഐശുമ്മയോട് അന്ന് തുടങ്ങിയ സ്നേഹമാണ് ചാക്കോച്ചനു .
കാപ്പികുടിയും കഴിഞ്ഞു ദിനേശ് ബീഡിയും വലിച്ചു വിരലും ചൊരിഞ്ഞു ഉമ്മറത്ത്‌ ഇരിക്കുന്ന ചാക്കോച്ചനെ പെട്ടെന്ന് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത് റേഷന്‍ കടയില്‍ പോയി മണ്ണെണ്ണ യും ആയി തിരിക വരുന്ന ഏക മകള്‍ സൂസന്ന ആണ് . '' ദേ അപ്പച്ചാ, അപ്പച്ചനുള്ള ബീഡി ! ഈ  ഇടെയായി ബീഡി വലി അല്പം കൂടുന്നുണ്ട് , എല്ലാം കൂടി വലിച്ചു കയറ്റി രാത്രില്‍ കിടന്നു ചുമച്ചു എന്നെയും അമ്മയെയും ഉറക്കരുത് '' . ശാസനയും കഴിഞ്ഞു അകത്തേക്ക് പോയ സൂസന്നയെ  നോക്കി ചാക്കോച്ചന്‍ നെടുവീര്‍പിട്ടു . ഒരു ആണ്‍ കൊച്ചു വേണമെന്ന് ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു, ആദ്യ പ്രസവത്തിനു ശേഷം അന്നമ്മക്കുണ്ടായ താല്പര്യ ക്കുറവും  വീണ്ടും ഒരു പ്രസവം  വേണ്ട എന്നാ അവള്‍ടെ തീരുമാനവും മൂലം പിന്നീട് വര്ഷം പതിനെട്ടു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ ചാക്കോച്ചനു കഴിഞ്ഞില്ല .

വീണ്ടും പറമ്പിലേക്ക് പണിക്കു ഇറങ്ങുമ്പോള്‍ ചാക്കോച്ചന്റെ മനസ്സില്‍  പൂര്‍ണ  ഗര്‍ഭിണിയായ  ഐശുമ്മയുടെ  മുഖം മാത്രം  ആയിരുന്നു . മൂവന്തിക്ക്‌ ഖാദറിന്റെ വീട്ടില്‍ അപ്രതീക്ഷിതമായി കണ്ട ജനകൂട്ടവും ഒച്ചപ്പാടും കേട്ടു ചാക്കോച്ചന്റെ ഉള്ളില്‍ പരിഭ്രമം നിറഞ്ഞു . ഐശുമ്മയുടെ വീട്ടില്‍ നിന്ന് മടങ്ങി വന്ന അന്നമ്മയാണ് വിശേഷം പറഞ്ഞത്, ഐശുമ്മയ്ക്ക് പെറ്റു നോവാണെന്ന് ! ഖാദറിന്റെ വീട്ടിലേക്കു പ്രസവം എടുക്കാന്‍ വയറ്റാട്ടി കല്യാണി പോവുന്നത് കണ്ട് അന്നമ്മയും പുറകെ പോയി . പെറ്റു നോവുകൊണ്ട് പുളയുന്ന ഐശുമ്മയുടെ കരച്ചില്‍ പുറത്തേക്ക് കേള്‍ക്കാമായിരുന്നു . കരച്ചില്‍ കേട്ട ചാക്കോച്ചന്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന അവസാന ദിനേശ് ബീഡിയും കത്തിച്ചു ആഞ്ഞു വലിച്ചു. ഒപ്പം ഖാദറിനെ ആശ്വസിപ്പിക്കാനും മറന്നില്ല .വിഷമിച്ചു നില്‍ക്കുന്ന ഖാദറിനെ അന്നമ്മയും ആശ്വസിപിച്ചു. പെട്ടെന്ന് കേട്ട കുഞ്ഞിന്റെ കരച്ചില്‍ എല്ലാരുടെയും പരിഭ്രമത്തിന് സമാപ്തി വരുത്തി .


നവജാത ശിശുവിനെയും കയ്യിലെടുത് കല്യാണി പുറത്തേക്കു വന്നു . ആണ്‍ കൊച്ചാണ് ! കുഞ്ഞിനെ കല്യാണി ഖാദറിന്റെ കയ്യില്‍ വെച്ച് കൊടുത്തു .

കുഞ്ഞിന്റെ കാലിലെ ആറാം വിരല്‍ കണ്ട ഖാദറും അന്നമ്മയും ഒരുപോലെ ഞെട്ടി . അപ്പോഴേക്കും ചാക്കോച്ചന്‍ നടന്നു നീങ്ങിയിരുന്നു........

മുലഞെട്ടുകള് മിനി കഥ


മുലഞെട്ടുകള്  മിനി കഥ
 
അമ്പിളിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടുകൊണ്ടാണ് വിദ്യ ചേച്ചി ഉമ്മറത്ത്‌ ടീവി യുടെ മുന്നില്‍ നിന്നും കിടപ്പുമുറിയിലെക് ഓടിയത് . മകള്‍ ശ്വാസം എടുക്കാന്‍ പോലും കഴിയാതെ കരയുന്നത് കണ്ട് അവര്‍ അവള്‍ വാരിയെടുത്തു മാറോടടുപിച്ചു. വിശന്നു കരയുന്ന അവളുടെ ഉണങ്ങിയ ചുണ്ടുകളിലെക് അവള്‍ തന്റെ നിറഞ്ഞ മാറും മുല ഞെട്ടും ചേര്‍ത്തുവെച്ചു . കുഞ്ഞു അമ്മിഞ്ഞ പാല്‍ നുണഞ്ഞു കുടിക്കുന്നത് അവര്‍ നിര്‍വൃതിയോടെ നോക്കിയിരുന്നു. സുരക്ഷിത ബോധത്തോടെ തന്നെ പറ്റിച്ചേര്‍ന്നു കിടക്കുന്ന കുഞ്ഞിന്റെ കണ്‍ പീലികളില്‍ തങ്ങി നിന്ന കണ്ണുനീര്‍ അവള്‍ സാരിത്തുമ്പ് കൊണ്ട് ഒപ്പിയെടുത് . പെട്ടെന്നാണ് വിദ്യയുടെ മനസിലേക്ക് കണ്ടുകൊണ്ടിരുന്ന സീരിയലിന്റെ കാര്യം ഓര്മ വന്നത് . അവള്‍ ക്ലോക്കിലേക്ക് നോക്കി . സമയം ഏഴേ അമ്പത്.. ഇനിയും പത്തു മിനിട്ട് കൂടി ബാക്കിയുണ്ട് .
‘’സരളേ ... സരളേ .. ആ ഹണി സക്കില്‍ ഇങ്ങെടുക്ക് ‘’. വേലക്കാരി സരള ആ കൃത്രിമ മുലഞ്ഞെട്ടുമായി ഓടിവന്നു . വിദ്യ പാല് കുടിച്ചുകൊണ്ടിരുന്ന തന്റെ കുഞ്ഞിന്റെ വായില്‍ നിന്ന് മുല ഞെട്ട് വലിച്ചെടുത്തു , എന്നിട്ട് പകരം തന്റെ കുഞ്ഞിന്റെ വായിലേക് ആ കൃത്രിമ മുലഞ്ഞെട്ടു വെച്ചുകൊടുത്തു .
ഉറങ്ങാന്‍ തുടങ്ങിയ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി വിദ്യ ടീവിയുടെ മുമ്പിലേക്ക് ഓടി . സീരിയല്‍ തീര്നിട്ടില്ല, പരസ്യമാണ് . ഇനിഒയും അഞ്ചു മിനിട്ട് ബാക്കിയുണ്ട് . അവള്‍ ടീവി റിമോട്ടുമായി സോഫയിലേക്ക് ചാഞ്ഞു .
അപ്പോഴും കട്ടിലില്‍ കിടന്നു തേന്‍ വറ്റിയ ആ കൃത്രിമ നിപ്പിള്‍ കുഞ്ഞ് ആഞ്ഞു നുണഞ്ഞു കുടിക്കാന്‍ ശ്രമിക്കുന്നുണ്ടാരുന്നു . തന്റെ വായില്‍ നിന്നും കുഞ്ഞ് അതെടുത്തു അതിലേക് സൂക്ഷിച്ചു നോക്കി . എന്നിട്ട് തോട്ടിലിനു പുറത്തേക് വലിച്ചെറിഞ്ഞു . ആടിക്കൊണ്ടിരുന്ന തൊട്ടിലിന്റെ അകത്തുകിടന്നു കുഞ്ഞ് പുഞ്ചിരി തൂകി . അമ്മിഞ്ഞ പാലിനൊപ്പം തന്റെ അമ്മ പകര്‍ന്നു കൊടുത്ത വഞ്ചനയുടെ തേന്‍ തുള്ളികള്‍, പാലിന്റെ മാധുര്യത്തെക്കാള്‍ മുമ്പേ ആ കൊച്ചു കുഞ്ഞിന്റെ മസ്തിഷ്കത്തില്‍ പടര്‍ന്നു പിടിക്കുന്നത്‌ ഒരിക്കലും സീരിയല്‍ ആസ്വദിച്ച് കണ്ടുകൊണ്ടിരുന്ന ആ അമ്മ അറിഞ്ഞിരുന്നില്ല ....

-തടിയന്‍ പ്രവീണ്‍ -

പ്രവാസിയുടെ നൊമ്പരം


നയിറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രക്കിടയില് രജനി ബസില് ഇരുന്നു തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു .. എന്ന് തുടങ്ങിയതാണീ നെട്ടോട്ടം , പകലും രാത്രിയും മാറി മാറി വരുന്ന ഷിഫ്റ്റ്കള്.. എന്നും  വ്യത്യസ്തരായ രോഗികള് . പലരുടെയും മുഖം വര്ഷം  മുപ്പതു  കഴിഞ്ഞിട്ടും മനസ്സില്  തങ്ങി  നില്കുന്നു .. പലരെയും മറന്നു . ജോലിയും ജോലിക്കുള്ള യാത്രയും മടക്ക യാത്രയും കുട്ടികളെ കുറിച്ചുള്ള ടെന്ഷനും മാത്രമായി ജീവിക്കാനാണോ തന്റെ വിധി , ഇതിനൊരു മാറ്റം വരുമോ ?? അവള് ചിന്തിച്ചു ..
ഇരുപത്തി മൂന്നാം വയസ്സില് ജനിച്ചു വളര്ന്ന വീടും വളര്ത്തിയ രക്ഷിതാക്കളെയും സ്വന്തം ഗ്രാമവും വിട്ടു ബെര്മിംഗ് ഹാം എന്നാ മാസ്മര ലോകത്തേക്ക് ജീവിതം തുന്നി പിടിപ്പിക്കാന് പുറപ്പെടുമ്പോള് തന്റെ ജീവിതത്തില് ഇത്രയേറെ നഷ്ടങ്ങള് ഉണ്ടാവുമെന്ന് പാവം അവള് ഒരിക്കലും കരുതിയിരുന്നില്ല . അവളുടെ കൊച്ചു ഗ്രാമവും അതിലെ കിളിക്കൂട് പോലെയുള്ള കൊച്ചു പുരയിടവും സ്നേഹിക്കാനും സഹായിക്കാനും മാത്രം അറിയാവുന്ന അയല്വാസികളും സഖപാടികളും അവളുടെ പ്രിയപ്പെട്ട കൃഷ്ണന്റെ അമ്പലവും അമ്പലക്കുളവും അവിടുത്തെ ഓരോ പുല്ക്കൊടിയും അവളുടെ ആത്മാവിന്റെ   ദാഹം തന്നെ ആയിരുന്നു ..സ്നേഹത്തോടെ അവള്‍ വളര്‍ത്തിയ കുറ്റിമുല്ലയും ചെണ്ടുമല്ലിയും ചുവന്നതും വെളുത്തതുമായ റോസാ ചെടികളും കണ്കുളിരെ വിരിഞ്ഞു നില്‍കുന്ന ജെമന്തിയും തന്റെ നിശാസ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പാലപ്പൂവിന്റെ  ഗന്ധവും ഗന്ധരാജന്റെ സുഗന്ധവും അവള്‍ക്കു നഷ്ടപെട്ടിരിക്കുന്നു ..

ഓണവും വിഷുവും തിരുവാതിരയും കാവിലെ വേലകളും തെയ്യവും തോറ്റംപാട്ടുമെല്ലാം അവളുടെ മനസ്സില്‍ ഇന്നും മായാതെ ഒരു ചിത്ര ശലഭത്തിന്റെ നിറപ്പകിട്ടോടെ പറന്നിരങ്ങുന്നത് അവളൊരു സ്വപ്നത്തിലെന്ന പോലെ ഓര്‍ത്തു . അമ്മയെന്നും രാവിലെ ഉണ്ടാക്കി തരാറുള്ള, തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് ഉണ്ടാക്കുന്ന വാഴയിലയില്‍ പൊതിഞ്ഞ അടയും, കണ്ണന്‍ ചിരട്ടയില്‍ പുഴുങ്ങിയ ചിരട്ട പുട്ടും കടല കറിയും എല്ലാം തന്റെ ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി നഷ്ടപെട്ടിരിക്കുന്നു . അവളൊരിക്കലും തന്റെ ഗ്രാമത്തെയും അവിടുത്തെ നല്ലവരായ ജനങ്ങളെയും വിട്ടു മറ്റൊരു ലോകത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല . അത്ര സ്വര്‍ഗ്ഗ തുല്യമായ ഒരു ജീവിതത്തെ കുറിച്ച് തന്റെ മക്കള്കൊന്നും അറിയുക പോലുമില്ല . താന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അവര്‍ വളരെ പുച്ഛത്തോടെ ആയിരുന്നു  ആ കഥകളൊക്കെ കേട്ടിരുന്നത്. ഒരിക്കല്‍ നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ അമ്മ വായില്‍ വെച്ച് കൊടുത്ത ഉണ്ണിയപ്പം തന്റെ മക്കള്‍ അവച്ച്ജ്ഞയോടെ തുപ്പി കളഞ്ഞത് അവള്‍ വേദനയോടെ ഓര്‍ത്തു . പാസ്തയും സാന്‍വിച്ചും നൂഡില്‍സും മാത്രം മതിയെന്ന് വാശി പിടിക്കുന്ന തന്റെ ഈ മക്കള്‍ ! അമ്മയുണ്ടാക്കി നല്‍കിയ, ഓര്‍ക്കുമ്പോള്‍ കൊതിയൂറുന്ന  നമ്മുടെ നാടന്‍ പലഹാരങ്ങള്‍ ഒന്ന് രുചിച്ചു നോക്കാന്‍ പോലും തയാര്‍ ആവാത്ത തന്റെ മക്കളെ കുറിച് ഓര്‍ത്തപ്പോള്‍ അവള്‍ക്കു അവളോട്‌ തന്നെ പുച്ഛം തോന്നി.
പ്രഭാകരന് ചേട്ടന്റെ മകള് അശ്വതിയും ഒത്തു ഈരിഴ തോര്ത്തുകൊണ്ട് മാനത്തെ പുള്ളി കണ്ണനെയും പരല് മീനുകളെയും പിടിക്കാന് ഇറങ്ങാറുള്ള കൈതതോടും അതോനോട് ചേര്ന്നുള്ള മൂവാണ്ടന് മാവില് നിന്നും കാറ്റടിക്കുമ്പോള് ഇപ്പൊ  വീഴും എന്ന മട്ടില് തന്നെ എന്നും കൊതിപ്പികാറുള്ള മാമ്പഴവും. പാട വരമ്പിലെ കറുകയും തുമ്പയും മുക്കുറ്റിയും തുളസിയും കുറുന്തോട്ടി ചെടിയും എല്ലാം അവള്കിന്നു ഒരു കാണാക്കനി ആയിരിക്കുന്നു. സ്കൂളിനു പടിഞ്ഞാറു വശത്തായി ഉണ്ടായിരുന്ന വാളന് പുളി മരവും നെല്ലിമരവും അതിനു ചുവട്ടില് വീഴുന്ന നെല്ലിക്ക വാരിയെടുത്ത് ഉപ്പു കൂട്ടി തിന്നുന്നതും അതിനു ശേഷം സ്കൂളിനടുത്തുള്ള പഞ്ചായത്ത് കിണറില് നിന്നും ഓട്ട ബക്കറ്റില് വെള്ളം കോരി കുടിക്കുന്നതും അപ്പോള് രുചിക്കുന്ന മധുരവും എല്ലാം തനിക് നഷ്ട പെട്ടിരിക്കുന്നു . തെക്കേ തൊടിയില് ഓണത്തിന് ഇടാറുള്ള മാവിന് കൊമ്പിലെ ഊഞ്ഞാലും അതില് എഴുനേറ്റു നിന്ന് കുതിച് ആടി മുകളിലെ കൊമ്പില് നിന്നും തളിരില പറിക്കുന്നതും  എല്ലാം ഓര്ത്തപ്പോള് അവളുടെ മനസ്സില് ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കൌമാര ഓര്മ്മകള് ഒരു ചെറു നൊമ്പരം പടര്ത്തി..
പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള് കോളേജില് നിന്ന് തിരിച്ചു വരുന്ന വഴി തന്റെ വരവും പ്രതീക്ഷിച്ചു വായന ശാലയുടെ മുമ്പിലെ കലുങ്കില് ഇരിക്കാറുള്ള   രാജേഷേട്ടനും താന് നടന്നു നീങ്ങുമ്പോള്ഇടവഴിയിലൂടെ സൈകിളില് ബെല്ലടിച്ചു പതിയെ വന്നു തനിക്കാദ്യമായി നല്കിയ പ്രണയ ലേഖനവും അതിലെ വരികളെയും കുറിച്ച് അവള് ഓര്ത്തു .. രാജേഷേട്ടനെ തനിക്കു അന്നേ ഇഷ്ടമായിരുന്നു.. .  വീട്ടിലെത്തിയ ഉടനെ തന്റെ അനിയത്തി രാജി മലയാളം പുസ്തകത്തില് താന് ആരും കാണാതെ സൂക്ഷിച്ച പ്രണയ ലേഖനം പൊക്കിയെടുത്തു അച്ഛന് കൊടുത്തതും ഭയന്ന് നിന്ന തന്നെ  അമ്മ തല്ലുന്നത് പോലെ തല്ലാതെ അടുത്ത് വിളിച്ചു അച്ഛന് ഉപദേശിച്ചതും അവള് ഓര്ത്തു .തന്റെ ജീവന്റെ ജീവന് ആയിരുന്ന അച്ഛന്റെ മുഖം അവളുടെ മുന്നിലൂടെ ഒരു ഇളം തെന്നല് സ്പര്ശമായി കടന്നു പോയി . പിന്നീടൊരിക്കലും രാജേഷേട്ടന് തന്ന കത്തുകള് അവള് വാങ്ങിയിട്ടില്ല. ഇന്ന് അയാള് എവിടെ ആണെന്ന് പോലും അറിയില്ല .
വെള്ളത്തുണിയില് തറയില് വിരിച്ചു കിടത്തിയ  അച്ഛന്റെ മൃത ദേഹത്തില് പാര്ട്ടി ക്കാര് പുതപിച്ച അരിവാളും ചുറ്റികയും വരച്ച  ചുവന്ന പട്ടും .. പട്ടില്  പൊതിഞ്ഞ അച്ഛന്റെ മൃത ദേഹം തെക്കേ തൊടിയിലേക് എടുത്തപ്പോള് അമ്മ അലമുറയിട്ടു കരഞ്ഞു തളര്ന്നു വീണതും അമ്മയെ അമ്മാവന് മാരെടുത്തു കട്ടിലില് കിടത്തിയതും അമ്മയുടെ  കഴുത്തില് നിന്നും അച്ഛന് കെട്ടിയ ആലില താലി വല്യച്ചന് പൊട്ടിച്ചെടുക്കാന് ശ്രമിച്ചപ്പോള് അമ്മ കരഞ്ഞു കൊണ്ട് താലിയില് പിടിച്ചതും പിനീട് അമ്മയുടെ തളര്ന്ന കൈ അവര് താലിയില് നിന്നും നീക്കി കഴുത്തില് നിന്ന് താലി പൊട്ടിച്ചെടുത്ത്  അച്ഛന്റെ പട്ടടയില് വെച്ചതും ഇതെല്ലം കണ്ടു കണ്ണീര്‍ വാര്ത് കോലായില്‍ ഇരിക്കുന്ന തന്റെയും തന്നോട് ചേര്‍ന്നിരിക്കുന്ന രാജിയുടെയും മുഖവും അവളുടെ മനസ്സില്‍ പതിഞ്ഞു വന്നു .
ഈ മഹാ നഗരത്തില്‍  വന്നെത്തുമ്പോള്‍ തന്റെ പ്രതീക്ഷകള്‍ അച്ഛന്‍ തങ്ങള്‍ക്കായി ബാക്കി വെച്ച് പോയ കുറച്ചു കടങ്ങളും കഷ്ടപ്പാടുകളും തീര്‍ത്തു  തകര്‍ന്നു വീഴാറായ വീടും ഒന്ന്  നന്നാക്കി പണി കഴിപ്പിക്കണം എന്ന് മാത്രമായിരുന്നു . അതിനു ശേഷം ആഗ്രഹം വളര്‍ന്നു , തന്റെ വിവാഹ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണപകിട്ടും അല്പം ആഡംബരവും കൂട്ടാനായി പിന്നീടുള്ള അദ്വാനം. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് ജോലിയുമായി ഒരു നാടോടിയെ പോലെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞു നടന്നു . അന്നൊന്നും സ്ഥിരമായി ഒരു വീടോ നഗരമോ തനിക്കുണ്ടായിരുന്നില്ല . ഇന്ന് താന്‍ എല്ലാം നേടി , ഇന്ന് തനിക്കു എല്ലാ ആടമ്പര ജീവിത സുഖങ്ങളും ഉണ്ട് . എങ്കിലും ഇന്ന് എനിക്ക് എന്റെ ആ ഗ്രാമത്തില്‍ എത്തിച്ചേരാന്‍ വിസ വേണം !!

കാലമെനിക്കായി മാറ്റി വെച്ചത് ഒരിക്കലും തീരാത്ത ഈ പ്രവാസ ജീവിതമാണ് . ഇനി തനിക്കൊരിക്കലും ആ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു  ആ ഗ്രാമവാസി ആകുവാന്‍ കാലം അനുവദിക്കില്ല . തെക്കേ പറമ്പിലെ ആ ആറടി നിലത്തു മണ്ണായി അഴുകി ചേരുവാന്‍ തനിക്കിനി കഴിയില്ല . അതോര്‍ത്തപ്പോള്‍ ഏതൊരു പ്രവാസിയേയും പോലെ അവളുടെ കണ്ണുകള്‍ നിറഞ്ഞു , മനസ്സില്‍ നൊമ്പരം പടര്‍ന്നു ....

പ്രവാസിയുടെ നൊമ്പരം ..

പ്രവീണ്‍ സ്കറിയ
പാലക്കാട്‌ 
വെംബ്ലി ലണ്ടന്‍